ഇന്ന് കേരള സമൂഹത്തില്‍ വളരെ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാലിന്യ പ്രശ്നം മാറിയിരിക്കുന്നു. കേരളത്തിലെ പല പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മാലിന്യ നിര്‍മാര്‍ജന പരിപാടി അവരുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി പ്രവര്‍ത്തകരെ കര്‍മ്മനിരതര്‍ ആക്കിയിരിക്കുന്നു.നമ്മുടെ പ്രധാനമന്ത്രി തന്നെ രാജ്യത്തിന്റെയാകെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിച്ചുവിടാന്‍ ചൂല്‍ കയ്യില്‍ എടുത്തുകഴിഞ്ഞു.
ഏറെ നാളായിട്ടില്ല മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിനെ പകര്‍ച്ചവ്യാധിയും ദുര്‍ഗന്ധവും കീഴടക്കിയ "ചെകുത്താന്റെ സ്വന്തം നാടായി"മാറ്റിയിട്ട് . ഇതിനെതിരെ കോടതിവിധിയെപോലും വെല്ലുവിളിക്കുന്ന തരത്തില്‍ ചില ജനകീയ പ്രക്ഷോഭങ്ങളുടെ ദിശ മാറിയതും നാം കണ്ടതാണ്. ഒരു കുഞ്ഞന്‍ പ്രാണിയായ കൊതുകിന്‍റെ മുന്നില്‍ സര്‍വ്വശക്തരായ നമ്മള്‍ ആയുധം വച്ച് കീഴടങ്ങേണ്ടിവരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ മാലിന്യപ്രശ്നം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നില്ല.എന്നാല്‍ പട്ടണത്തിന്റെയും നഗരത്തിന്റെയും കൂടെ ഗ്രാമങ്ങളും വാര്‍ത്തയില്‍ നിറയുന്നു.
ഈ ഘട്ടത്തില്‍, വളരെ വിദൂരമല്ലാത്ത കാലയളവില്‍ നമ്മുടെ നാട്ടിലുണ്ടായ മാറ്റങ്ങള്‍ സസൂഷ്മം പരിശോധിച്ചാല്‍ നാട്ടിലാകെ ദുരിതം വിതക്കുന്ന ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം നമുക്ക് കണ്ടെത്താനാകും.പത്തോപതിനഞ്ചോ വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ ഒരുതുണ്ട് ഭൂമിപോലും തരിശായി കിടന്നിരുന്നില്ല.വിവിധ തരത്തിലുള്ള കൃഷികള്‍,വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട് പുരയിടം അല്ലെങ്കില്‍ വയല്‍ ഉഴുതുമറിക്കുകയോ സമാനമായ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിരുന്നു. തോടുകളും കുളങ്ങളും ചാലുകളും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ചെളിയെടുത്ത് വൃത്തിയാക്കിയിരുന്നു.കൊതുകിനോ മറ്റ് ജീവികള്‍ക്കോ പ്രകൃതി നിയന്ത്രണത്തിന് അപ്പുറത്തേക്ക് വളരാന്‍ അവസരം കൊടുത്തിരുന്നില്ല.അടുക്കളയിലെ ജൈവമാലിന്യങ്ങള്‍ പശു,ആട്,കോഴി,താറാവ് ഇവയ്ക്ക് ആഹാരമാകുകയോ ചെടികള്‍ക്ക് വളമാകുകയോ ചെയ്യുമായിരുന്നു.പ്ലാസ്റ്റിക് മാലിന്യം ചിത്രത്തിലേ ഇല്ലാതിരുന്നു.
ഈ ഉല്‍പ്പാദന വ്യവസ്ഥയുടെ ചുവടിളക്കിക്കൊണ്ട് കടന്നുവന്ന തുറന്ന കമ്പോള വ്യവസ്ഥയും അതിന്റെ ശരീരത്തോട് ഒട്ടിനില്‍ക്കുന്ന മറ്റ് ഉദാരനയങ്ങളും നാടിന്റെ ക്രമപ്പെടുത്തിയ ജീവിതരീതിയെ തച്ചുടച്ചുകളഞ്ഞു. ഈ സാമ്പത്തിക നയം, രാജ്യത്തെയും വിദേശത്തെയും കുത്തക മൂലധനം, പെട്ടെന്ന്‍ ലാഭം ഉണ്ടാക്കാന്‍ പറ്റുന്ന ചില മേഖലകളില്‍ മാത്രം നിക്ഷേപിച്ച് വന്‍ ലാഭം ഉണ്ടാക്കാന്‍ അവസരം നല്‍കി.ഐ.ടി,ടൂറിസം, റിയല്‍ എസ്റ്റേറ്റ് ,ഫ്ലാറ്റ് നിര്‍മ്മാണം,ഷോപ്പിംഗ് മാള്‍,ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിപണനം,മോട്ടോര്‍ വാഹനങ്ങളുടെ വിപണനം എന്നീ പുത്തന്‍ മേഖലകളില്‍ കൂടുതല്‍ കൂലി ലഭ്യമാകുന്ന സാഹചര്യം വന്നതോടെ ഗ്രാമങ്ങളില്‍നിന്നു പട്ടണങ്ങളിലേക്ക് തൊഴിലാളികള്‍ ഒഴുകാന്‍ തുടങ്ങി.ഈ പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായിതന്നെ കാര്‍ഷിക മേഖലയില്‍ നല്‍കിയിരുന്ന ഇളവുകള്‍ വെട്ടിക്കുറച്ചും വിളകള്‍ക്ക് മതിയായ താങ്ങ് വില നല്‍കാതെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെയും കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞു.ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ അവരുടെ കൃഷിഭൂമികള്‍ തരിശിടാന്‍ തുടങ്ങി.ഈ കാലഘട്ടത്തില്‍ തന്നെയാണ് പ്ളാസ്റ്റിക്കിന്റെ അതിപ്രസരം ഉണ്ടായത്.ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ ഉല്‍പ്പാദകരുടെ കമ്പനിപ്പേരും ലോഗോയും ഉല്‍പ്പന്നത്തേക്കാള്‍ പ്രധാനമായി കാണുന്ന വിതരണ ശ്രുംഗല പരസ്യങ്ങളുടെ പിന്തുണയോടെ വളര്‍ന്നു വന്നപ്പോള്‍ പ്ലാസ്റ്റിക് വില്ലനായി മാറാന്‍ തുടങ്ങി.
കൂടുതല്‍ തൊഴിലിനും കൂടുതല്‍ വരുമാനത്തിനും വേണ്ടി പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ഉണ്ടായ ജനങ്ങളുടെ ഒഴുക്ക് അവിടെ ഉണ്ടായിരുന്ന മാലിന്യ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹ്യ ശുചിത്വം എന്നീ മൂന്ന് തലത്തിലുള്ള ശുചിത്വ സംസ്ക്കാരത്തില്‍ അവസാനത്തേത് ഒഴിവാക്കിക്കൊണ്ടുള്ള,സ്വാര്‍ഥതയില്‍ ഊന്നിയ മധ്യവര്‍ഗസംസ്ക്കാര ജീവിതംകൂടി മലയാളികളിലേക്ക് കുടിയേറിയപ്പോള്‍ എല്ലാം പൂര്‍ണമായി. അണക്കെട്ട് പൊട്ടി കുത്തിയൊഴുകി വരുന്ന മലവെള്ളപ്പാച്ചിലില്‍ എല്ലാം ഒഴുകി ഒലിച്ചുപോകുന്ന പോലെയാണ് സ്വാഭാവികമായി ക്രമപ്പെടുത്തപ്പെട്ട നാടിന്റെ ജീവിതരീതിയും ചേര്‍ന്ന് നില്‍ക്കുന്ന സംസ്ക്കാരവും നമുക്ക് നഷ്ട്ടമായത്.
ആഗോളവല്‍ക്കരണമെന്ന, രാജ്യാതിര്‍ത്തി കടന്നു വളര്‍ന്നു വ്യാപിക്കുന്ന ലോകമുതലാളിത്ത മൂലധനത്തെ നിയന്ത്രണ ചരടുകളില്ലാതെ തുറന്നുവിട്ട നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയനയമാണ് ഈ വിപത്തിന് കാരണം എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാകില്ല.എന്നാല്‍ ഈ സാമൂഹത്തെ ബലംപ്രയോഗിച്ച് പുറകോട്ട് കൊണ്ടുപോയി പ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നത് മഹാ വിഡ്ഢിത്തം ആയിരിക്കും. കാരണം സമൂഹം പുറകോട്ട് നടക്കാറില്ല.നിലവിലുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ,ഉറവിടമാലിന്യ സംസ്ക്കരണം പ്രോത്സാഹിപ്പിച്ചും ഉല്‍പ്പന്നത്തിനും പാക്കിങ്ങിനും വേറെ വില നിശ്ച്ച്ചയിച്ച് പാക്കിങ്ങ് കവര്‍ തിരിച്ചു കടയില്‍ തന്നെ നല്‍കിയാല്‍ ആ തുക തിരിച്ചുനല്‍കുന്ന രീതി പ്രോത്സാഹിപ്പിച്ചും നിയമങ്ങള്‍ കര്‍ശനമാക്കിയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചും ഒരു പരിധിവരെ ഇന്ന് സമൂഹം നേരിടുന്ന അതീവ ഗൌരവമായ മാലിന്യ പ്രശ്നത്തെ ലഘൂകരിക്കാം.
ഈ സാമൂഹ്യ പ്രശ്നംഅര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഏറ്റെടുത്ത രാഷ്ട്രീയ-സമൂഹ്യപ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിന്റെ വിളിക്ക് ചെവികൊടുത്തവരാണ് . മാലിന്യനിര്‍മാര്‍ജനം ഒരു സാമൂഹ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ തീര്ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ആരോഗ്യമുള്ള വരുംതലമുറ അവരെ നന്ദിയോടെ സ്മരിക്കും എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല.